മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ് നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ് ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ് സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ് സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.
മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ് സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
- മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
- മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന് ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
- മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
- ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
- വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
- ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍
അവലംബം
- http://malayalam.deepikaglobal.com/Archives/archivepage.asp?Date=07/21/2010
- http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=127807
- http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=7590163&tabId=11&contentType=EDITORIAL&BV_ID=
Share this post :